നൂതനസങ്കേതങ്ങളില്‍ക്കൂടി ആധുനിക വൈദ്യശാസ്ത്രം മുന്നേറുമ്പോള്‍, ഭീഷണിയുയര്‍ത്തി ചോദ്യചിഹ്നമായി സൂപ്പര്‍ബഗുകള്‍. ഉത്ഭവത്തെപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും, ആന്റിബയോട്ടിക്കുകളെയും പ്രതിരോധിച്ച് സൂപ്പര്‍ബഗുകള്‍ ലോകവ്യാപകമായി വര്‍ദ്ധിച്ചുവരുന്നു.
മനുഷ്യരില്‍ മാത്രമല്ല, കുടിവെള്ളത്തില്‍പ്പോലും ഈ വില്ലന്റെ സാന്നിധ്യമുണ്ടാവാം.
എന്താണീ സൂപ്പര്‍ബഗ് ? രോഗപ്രതിരോധ ഔഷധങ്ങളെപ്പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ള ജീനുകളടങ്ങിയ ബാക്ടീരിയ പോലുള്ള സൂക്ഷ്മജിവിയാണ് സൂപ്പര്‍ബഗ്. ഇവ ഉല്പാദിപ്പിക്കുന്ന എന്‍.ഡി.എം1 എന്ന എന്‍സൈമിന് വൈദ്യശാസ്ത്രം സമ്മാനിച്ച എല്ലാ രോഗപ്രതിരോധ ഔഷധങ്ങളെയും പ്രതിരോധിക്കാനാവും. സൂപ്പര്‍ബഗുകളുടെ പിറവിയ്ക്കുപിന്നില്‍ നിരവധി കാരണങ്ങളുളളതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. രാസവസ്തുക്കളുടെയും, ആന്റിബയോട്ടിക്കുകളുടെയും തുടര്‍ച്ചയായുള്ള ഉപയോഗവും, അതിലെ അശാസ്ത്രീയതയുമാണ് ഈ ബഗുകള്‍ രൂപപ്പെടാനുള്ള പ്രധാന കാരണം. എന്‍.ഡി.എം1 ജീനിന്റെയും, മനുഷ്യശരീരത്തില്‍ കാണപ്പെടുന്ന ഇ കോളി (എസ്ക്രീഷ്യാകോളി) ബാക്ടീരിയയുടെയും സാന്നിധ്യം ഈ ബഗുകളില്‍ ശക്തമാണ്. ഇവയുടെ പ്രവേശനം ബാക്ടീരിയയിലാണെങ്കിലും, മനുഷ്യശരീരത്തിലാണെങ്കിലും എപ്പോള്‍ എങ്ങനെയെന്ന് പ്രവചിക്കുക അസാദ്ധ്യം. മുറിവുകള്‍, കുത്തിവെയ്പ്പുകള്‍, ശസ്ത്രക്രിയകള്‍ എന്നിവയില്‍ക്കൂടിയൊക്കെ കടക്കാം.
2009 ഡിസംബറില്‍ ന്യൂഡല്‍ഹിയില്‍ ലാക്ടാമേസ് ബീറ്റാ രോഗാണുക്കളെ കണ്ടെത്തിയതോടെ, ഇവിടെത്തന്നെയാണിതിന്റെ ഉല്പത്തിയെന്ന് തെറ്റിദ്ധരിച്ച് ന്യൂഡല്‍ഹി മെറ്റാലോ-ബീറ്റാ ലാക്ടമേസ്1(എന്‍.ഡി.എം1)എന്ന് നാമകരണവും നല്‍കി. ഇന്ത്യയില്‍ നിന്നും ചികിത്സയ്ക്കുശേഷം മടങ്ങിപ്പോയ വിദേശികളിലാണ് ഈ ജീനുകള്‍ ആദ്യം കണ്ടെത്തിയത്. ബ്രിട്ടണിലെ കാര്‍ഡിഫ് സര്‍വകലാശാലയിലെ ഗവേഷകനായ മാര്‍ക് ടോള്‍മാന്റെ നേതൃത്വത്തിലുളള ഒരുകൂട്ടം ഗവേഷകരാണ് ഇതുകണ്ടെത്തിയത്. ആദ്യമായി എന്‍.ഡി.എം1 നെപ്പറ്റി പ്രസിദ്ധീകരിച്ചത് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസും.
ലോകത്തിലെ എറ്റവും ഫലപ്രദമായ ആന്റിബയോട്ടിക്കായ കാര്‍ബാപെനിംസിനെപ്പോലും പ്രതിരോധിക്കാനുള്ള കഴിവ് എന്‍.ഡി.എം1ന്റെ പുതുതായി രൂപംകൊണ്ട ജീനുകള്‍ക്കുണ്ട്. മെതിസിലിന്‍ റെസിസ്ന്റ് സ്റഫിലോകോക്കസ് ഓറിയസ് (എം.ആര്‍.എസ്.എ) ബാക്ടീരിയകള്‍ എച്ച്.എ-എം.ആര്‍.എസ്.എ,സി.എ-എം.ആര്‍.എസ്.എ എന്ന് 2 വ്യത്യസ്ത രീതിയില്‍ കണ്ടുവരുന്നു. മെതിസിലിന്‍, ഓക്സാസിലിന്‍, പെന്‍സിലിന്‍ എന്നീ ആന്റിബയോട്ടിക്കുകളെ അതിജീവിക്കാനുള്ള കഴിവ് ഇവയ്ക്ക് കൂടുതലാണ്.ത്വക്കില്‍ക്കൂടി ത്വക്കുകളിലേക്കും, ഒരു ചികിത്സാകേന്ദ്രത്തില്‍ നിന്ന് സമീപപ്രദേശങ്ങളിലുള്ള മറ്റു ചികിത്സാകേന്ദ്രങ്ങളിലേക്കുമുള്ള അതിവേഗവ്യാപനശേഷിയും ഈ ബഗുകള്‍ക്കുണ്ട്. എന്തിനേറെ ജനിതകമാറ്റങ്ങളിലൂടെ ജൈവായുധമായും ഇവയെ മാറ്റാന്‍ സാധിക്കും. അങ്ങനെ വന്നാല്‍ സൂപ്പര്‍ബഗുകളുടെ ശക്തി പതിന്മടങ്ങാകും. ആ പ്രദേശത്തെ ജീവജാലങ്ങളെയെല്ലാം സംഹരിക്കാനും ഇവ മതിയാകും. ഒരു രോഗത്തില്‍ നിന്ന് ഉല്‍പ്പരിവര്‍ത്തനത്തിലൂടെ മറ്റൊന്നിലേക്ക് മാറാനുള്ള കഴിവും ഇവയ്ക്കുണ്ടെന്നുള്ളത് ഭീതിജന്യമാണ്.
ഹോളണ്ട്, ഓസ്ട്രേലിയ, ക്യാനഡ, യു.എസ് എന്നിവിടങ്ങളില്‍ സൂപ്പര്‍ബഗുകളുടെ സാന്നിധ്യം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, ഗ്രേറ്റ് ബ്രിട്ടണില്‍ത്തന്നെ 50 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അലിഗാര്‍ മുസ്ലീം സര്‍വകലാശാല(എ.എം.യു) യിലെ ബയോടെക്നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞന്മാര്‍ സൂപ്പര്‍ബഗുകളെ തിരിച്ചറിയാനായി നൂതന മാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചെടുത്തതായി അസിസ്ററന്റ് പ്രോഫസറായ ഡോ ആസാദ് ഉള്ളാഖാന്‍ വ്യക്തമാക്കി. പോളിമെറസ് ചെയിന്‍ റിയാക്ഷന്‍(പി സി ആര്‍) രീതിയാണ് ഇവയെ കണ്ടെത്താനായി അവര്‍ സ്വീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ ടൂറിസം മേഖലയില്‍ ക്കൂടി നാനാ ഔഷധങ്ങളെയും ചെറുത്തുനില്‍ക്കാന്‍ കഴിവുള്ള എന്‍.ഡി.എം1 ന്റെ പുതിയ വകഭേദം ഇന്ത്യയില്‍ നിന്നും ലോകമെമ്പാടും പടര്‍ന്നുപിടിച്ചിരിക്കുന്നു.
ആഗോളവ്യാപകമായി ഭീഷണിയുയര്‍ത്തിക്കൊണ്ടുള്ള സൂപ്പര്‍ബഗുകളുടെ മുന്നേറ്റത്തില്‍ ലോകാരോഗ്യ സംഘടനയ്ക്കും ആശങ്ക മാത്രം. എങ്കിലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളെയും, സാര്‍സ് പോലുള്ള പകര്‍ച്ചവ്യാധികളെയും നേരിടാന്‍ ഗ്ളോബല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ കണ്ട്രോള്‍ നെറ്റ്വര്‍ക്ക് സംവിധാനം ഈ സംഘടനയ്ക്കു കീഴില്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുന്നത് ഒരര്‍ത്ഥത്തില്‍ ആശ്വാസകരമാണ്. സൂപ്പര്‍ബഗുകളുടെ കടന്നാക്രമണം എപ്പോഴുമുണ്ടാകാം. ആധുനിക വൈദ്യശാസ്ത്രത്തിലെ വരാനിരിക്കുന്ന കണ്ടെത്തലുകള്‍ക്കു മുന്നില്‍ സൂപ്പര്‍ബഗുകള്‍ കീഴടങ്ങുമെന്ന് പ്രത്യാശിക്കാം.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ