ഇനി 3G യുദ്ധം

2ജികോഴവിവാദത്തെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട പുതിയ സ്പെക്ട്രം ലേല നയം മൊബൈല്‍ ഇന്‍റര്‍നെറ്റ് നിരക്കുകള്‍ ഉയര്‍ത്തുമെന്ന ആശങ്കകള്‍ക്കിടയില്‍ ഇന്ത്യന്‍ ടെലികോം വിപണിയില്‍ 3ജി യുദ്ധം. ഭാരതി എയര്‍ടെല്‍ തുടക്കമിട്ട നിരക്ക് കുറക്കല്‍ മറ്റു മുന്‍നിര സേവന ദാദാക്കളായ ഐഡിയയും റിലയന്‍സ് കമ്യൂണിക്കേഷനും ഏറ്റുപിടിച്ചതോടെയാണ് പോര് മുറുകിയത്. എന്നാല്‍, ഇതോടെ സ്പെക്ട്രം നിരക്ക് വര്‍ധന മൊബൈല്‍, ഇന്‍റര്‍നെറ്റ് നിരക്ക് ഉയര്‍ത്തുമെന്ന ആശങ്ക ശരിയല്ലെന്നും വ്യക്തമായി.
ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ സേവനദാദാക്കളായ ഭാരതി എയര്‍ടെല്ലാണ് 3ജി യുദ്ധത്തില്‍ ആദ്യവെടിപൊട്ടിച്ചത്. ഡാറ്റപ്ളാന്‍ നിരക്കില്‍ 70 ശതമാനം കുറവ് പ്രഖ്യാപിച്ചാണ് ഭാരതി എയര്‍ടെല്‍ പൊടുന്നനെ ഉപഭോക്താക്കളെ ഞെട്ടിച്ചത്. ഇന്ത്യയിലെ ടെലികോം കമ്പനികള്‍ 3ജി സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയത് മൂന്നുവര്‍ഷം മുമ്പാണ്. ഇതിനുശേഷം ആദ്യമായാണ് ഒരു കമ്പനി നിരക്ക് കുറവ് പ്രഖ്യാപിക്കുന്നത്.
ഒന്നു ഞെട്ടിയെങ്കിലും 3ജി വിപണിയിലെ മറ്റു രണ്ടു സ്വകാര്യഭീന്മാരായ റിലയന്‍സ് കമ്യൂണിക്കേഷന്‍സും ഐഡിയയും ഒട്ടുംകുറയാതെ നിരക്കിളവ് പ്രഖ്യാപിച്ചു. 60-65 ശതമാനം കുറവാണ് ഇരുവരും വരുത്തിയിരിക്കുന്നത്. ജി.എസ്.എം വിഭാഗത്തില്‍ ഭാരതിയുടെ സുപ്രധാന എതിരാളികളായ വൊഡാഫോണും വൈകാതെ യുദ്ധകളത്തില്‍ ഇറങ്ങുമെന്ന് കരുതാം. അല്‍പം വൈകിയാണെങ്കിലും പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലും 50 ശതമാനം നിരക്ക് കുറവ് പ്രഖ്യാപിച്ചു.
പ്രമുഖ മൂന്ന് കമ്പനികളും നിരക്ക് കുറവ് പ്രഖ്യാപിച്ചതോടെ വീഡിയോ കോളുകള്‍ക്കും മൊബൈല്‍ ഫോണിലെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കും വരുന്ന ചെലവ് ഗണ്യമായി കുറയും.
3ജി വിപണിയില്‍ അത്ര വലിയ സാന്നിധ്യമില്ലാത്ത എയര്‍സെല്‍ ഒരുമാസം മുമ്പ് ചില പ്ളാനുകളുടെ നിരക്കില്‍ 50 ശതമാനത്തോളം കുറവ് വരുത്തിയിരുന്നു. ഇതിന് ചുവടുപിടിച്ചാണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ടെലികോം വിപണിയില്‍ 3ജി യുദ്ധം ചൂടുപിടിച്ചതെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ വിലയിരുത്തുന്നത്. 2ജിയെ അപേക്ഷിച്ച് 3ജി സ്പെക്ട്രം നിരക്ക് വളരെ ഉയര്‍ന്നതായതിനാല്‍ 3ജി സേവനങ്ങള്‍ക്ക് ഇന്ത്യയിലെ ഉപഭോക്താക്കള്‍ വളരെ ഉയര്‍ന്ന നിരക്കാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ 3ജി വിപണിയില്‍ കാര്യമായ മുന്നേറ്റം ഉണ്ടായതുമില്ല. എന്നാല്‍, ഇപ്പോള്‍ തുടക്കമായിരിക്കുന്ന 3ജി യുദ്ധം വരും നാളുകളില്‍ 3ജി ഉപഭോക്താക്കളുടെ എണ്ണം ഭീമമായി വര്‍ധിക്കാന്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
18മാസം മുമ്പാണ് എയര്‍ടെല്‍ ഇന്ത്യയില്‍ 3ജി സേവനങ്ങള്‍ ആരംഭിച്ചത്. ഇതുവരെ 90 ലക്ഷം വരിക്കാരെയാണ് ലഭിച്ചത്. എന്നാല്‍, ഇതില്‍ 25 ശതമാനം മാത്രമാണ് സജീവമായി സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ഭീമമായ നിരക്ക് തന്നെയാണ് ഇതിന് കാരണം.
കൂടുതല്‍ ഉപഭോക്താക്കള്‍ സജീവ ഉപഭോക്താവായാലേ ടെലികോം കമ്പനികളെ സംബന്ധിച്ചിടത്തോളം 3ജി സേവനങ്ങള്‍ ലാഭകരമാകൂ. ഇന്ത്യയിലെ മൊബൈല്‍ സേവനങ്ങളുടെയും 2ജി സേവനങ്ങളുടെയും വളര്‍ച്ച വ്യക്തമാക്കുന്നതും ഇതു തന്നെ. അത്തരമൊരു നീക്കമുണ്ടായാലേ 3ജി സേവനങ്ങള്‍ ലാഭകരമാകൂ എന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഇപ്പോള്‍ നിരക്ക് കുറവ് പ്രഖ്യാപനം വന്നതോടെ എയര്‍ടെല്ലിന്‍െറ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സംവിധാനം അരമണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 10 രൂപയാണ് വരുക. നേരത്തേ 10 രൂപക്ക് 10 എം.ബി വിവരങ്ങളാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. കൂടാതെ 100 രൂപക്ക് റിചാര്‍ജ് ചെയ്യുന്ന പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ 300 എം.ബി വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. നിലവില്‍ അത് 200 എം.ബി ആണ്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 10 കെ.ബി വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനി മൂന്നുപൈസയേ ചെലവ് വരൂ.
ഇതിന് സമാനമായ പദ്ധതികളാണ് ഐഡിയയും റിലയന്‍സും പ്രഖ്യാപിച്ചിരിക്കുന്നത്.
റിലയന്‍സ് തങ്ങളുടെ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സംവിധാനം വഴി ഒരു ജി.ബി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനി 250 രൂപയാവും ചുമത്തുക. അതിനുശേഷം വരുന്ന ഒരോ എം.ബിക്കും 20 പൈസ നിരക്കിലും. നേരത്തേ ഒരു ജി.ബിക്ക് 650 രൂപയും പിന്നീടുള്ള ഓരോ എം.ബിക്കും 50 പൈസ വീതവുമായിരുന്നു ചുമത്തിയിരുന്നത്.
അതേസമയം, മൊബൈല്‍ ഫോണ്‍ കോളുകളുടെ ഉള്‍പ്പെടെ നിരക്ക് വര്‍ധിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ സംയുക്ത നീക്കം നടത്തുന്നതിനിടെയാണ് 3ജി രംഗത്തെ ഈ നിരക്ക് യുദ്ധം എന്നതാണ് രസകരം. ഒരുമാസത്തിനിടെ കമ്പനികള്‍ മൊബൈല്‍ കോള്‍ നിരക്കില്‍ 20-40 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട്. വരും മാസങ്ങളില്‍ കൂടുതല്‍ നിരക്ക് വര്‍ധന നടപ്പാക്കാനിരിക്കെയാണ് അപ്രതീക്ഷതമായി 3ജി വിപണിയില്‍ ടെലികോം കമ്പനികളുടെ പോര്‍വിളി ഉയര്‍ന്നത്.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ