ആധുനികലോകത്തില്‍ വിപ്‌ളവകരമായ മാറ്റങ്ങളാണ് കംപ്യൂട്ടറുകള്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ എല്ലാ തലത്തിലും വന്‍ സ്വാധീനമുണ്ടാക്കാന്‍ ഇലക്‌ട്രോണിക് കംപ്യൂട്ടറുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു മനുഷ്യന്‍തന്നെ കംപ്യൂട്ടറായി മാറിയാലോ? മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത മറ്റൊരു വിപ്‌ളവത്തിനാണ് അമേരിക്കയിലെ ഒരുകൂട്ടം ശാസ്‌ത്രജ്ഞര്‍ തുടക്കമിട്ടിരിക്കുന്നത്. ഡി എന്‍ എയിലെ ജൈവകണങ്ങള്‍ ഉപയോഗിച്ച് ജൈവ കംപ്യൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നു.
വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണത്തിനൊടുവില്‍ കാലിഫോര്‍ണിയയിലെ സ്‌ക്രിപ്പ്‌സ് റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റിയൂട്ടിലെയും ഇസ്രായേലില്‍ നിന്നുള്ള ടെക്‌നിയോണ്‍ ലോഗോസിലെയും മുതിര്‍ന്ന ശാസ്‌ത്രജ്ഞരാണ് ജൈവകംപ്യൂട്ടറുകള്‍ വികസിപ്പിച്ചെടുത്തത്.
ഇലക്‌ട്രോണിക് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നത് ചിപ്പുകളാണല്ലോ. അതുപോലെ ജൈവകംപ്യൂട്ടറുകള്‍ക്ക് കരുത്തേകുന്നത് പ്രത്യേകം തിരഞ്ഞെടുത്ത ഡിഎന്‍എയിലെ ജൈവകണങ്ങളാണെന്ന് മാത്രം. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിലെ ഏതൊരു അവയവവും അല്ലെങ്കില്‍ ഒരു മനുഷ്യന്‍തന്നെ കംപ്യൂട്ടറായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ വികസിപ്പിച്ചെടുക്കുന്ന ജൈവ കംപ്യൂട്ടറുകള്‍ക്ക് തമ്മില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ സാധിക്കും. വൈദ്യശാസ്‌ത്രരംഗത്ത് ഏറ്റവും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ജൈവകംപ്യൂട്ടറുകള്‍ക്ക് സാധിക്കും.
അതുപോലെ ഒരു റോബോട്ട് കണക്കെ, എല്ലാ രംഗത്തും അതിമാനുഷികശക്‌തിയോടെ പ്രവര്‍ത്തിക്കാന്‍ ജൈവകംപ്യൂട്ടറുകള്‍ക്ക് സാധിക്കും. എന്നാല്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധരംഗത്തും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും ജൈവകംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന അവസ്ഥ സംജാതമായാല്‍ മനുഷ്യരാശിയുടെ നാശത്തിന് വഴിതെളിയ്‌ക്കുമെന്നാണ് ശാസ്‌ത്രരംഗത്തെ വിദഗ്‌ദ്ധര്‍ ആശങ്കപ്പെടുന്നത്. ജൈവകംപ്യൂട്ടര്‍ കണ്ടുപിടുത്തത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രശസ്‌ത ശാസ്‌ത്ര മാസികയായ അന്‍ഗെവാന്‍ഡ്‌തെ കെമി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ