മൊബൈല്‍ വരിക്കാര്‍ കുറഞ്ഞു; കമ്പനികള്‍ക്ക് വന്‍ തിരിച്ചടി

|0 comments
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആദ്യമായി രാജ്യത്തെ മൊബൈ ല്‍ വരിക്കാരുടെ എണ്ണം കുറഞ്ഞു. സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ കണക്കു പ്രകാരം ഓഗസ്റ്റില്‍ എയര്‍ടെല്ലിനടക്കമുള്ള കമ്പനികള്‍ക്കു നഷ്ടമായത് 71 ലക്ഷം ഉപയോക്താക്കളെ. ഇതോടെ ടെലികോം സേവന ദാതാക്കള്‍ക്ക് ഇരുട്ടടി നല്‍കി മൊത്തം വരിക്കാരുടെ എണ്ണം 67.19 കോടിയായി കുറഞ്ഞു.

ജിഎസ്എം വിപണിയില്‍ എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നീ മൂന്നു കമ്പനികള്‍ക്കാണു 68 ശതമാനം വിപണി വിഹിതം. ഈ മൂന്നു കമ്പനികള്‍ക്കും കൂടി നഷ്ടമായത് 51 ലക്ഷം വരിക്കാരെ. 28% വിപണി വിഹിതമുള്ള ഭാരതി എയര്‍ടെല്ലിനു നഷ്ടമായത് 19 ലക്ഷം വരിക്കാരെ. മൊത്തം ഉപയോക്താക്കളുടെ എണ്ണം 18.69 കോടി. 

ഐഡിയയ്ക്കും വൊഡാഫോണിനും നഷ്ടമായത് യഥാക്രമം 16 ലക്ഷവും 15 ലക്ഷവും പേരെ. ഐഡിയയ്ക്ക് 11.57 കോടിയും വൊഡാഫോണിനു 15.33 കോടിയും വരിക്കാരുണ്ട്.

ഓഫറുകള്‍ അവസാനിപ്പിച്ചതും ഒന്നിലധികം സിമ്മുകള്‍ ഉപയോഗിക്കുന്നവര്‍ കണക്ഷനുകള്‍ വെട്ടിച്ചുരുക്കിയതും കമ്പനികള്‍ക്കു തിരിച്ചടിയായെന്നു മേഖലയിലെ വിദഗ്ധര്‍ പറയുന്നു. എയര്‍സെല്‍, ലൂപ്പ് എന്നിവയ്ക്കു മാത്രമാണു വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. എയര്‍സെല്ലിനു 793,717 പുതിയ വരിക്കാരെ ലഭിച്ചപ്പോള്‍ ലൂപ്പിനു കിട്ടിയത് 79,482 പേരെ. യുണിനോറിന്‍റെ 23.8 ലക്ഷം ഉപയോക്താക്കള്‍ കുറഞ്ഞു. മൊത്തം വരിക്കാരുടെ എണ്ണം 4.2 കോടി.

ജിഎസ്എം വിപണിയില്‍ 14.09% പങ്കാളിത്തമുള്ള ബിഎസ്എന്‍എല്ലിന്‍റെ കണക്കുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൊത്തം വരിക്കാരുടെ എണ്ണം 9.46 കോടി. എംടിഎന്‍എല്ലിനു നഷ്ടമായത് 103,553 വരിക്കാരെ.

ഉപയോക്താക്കളുടെ എണ്ണം കുറയുന്നതു കമ്പനികളുടെ വരുമാനത്തെ ബാധിക്കും. വരുന്ന 2ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കണമെങ്കില്‍ കമ്പനികള്‍ കൂടുതല്‍ തുക കണ്ടെത്തേണ്ടി വരും.

സ്പെക്ട്രത്തിനായി മുടക്കുന്ന തുക വരിക്കാരില്‍ നിന്നു തിരിച്ചുപിടിക്കാനാണു ശ്രമം. അതിനാല്‍ ലേലം കഴിഞ്ഞാല്‍ കോള്‍ ചാര്‍ജില്‍ 100% വരെ വര്‍ധനയുണ്ടായേക്കാമെന്നു സൂചനയുണ്ട്. 

കോള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ട്രായിയും മൗനസമ്മതം നല്‍കിയിട്ടുണ്ട്.