ലോകം കീഴടക്കുന്ന മൊബൈല്‍ ഫോണ്‍

|0 comments
വിവരവിനിമയ യുഗത്തില്‍ മൊബൈല്‍ ഫോണ്‍ ലോകം കീഴടക്കുന്നു.
ചുരുങ്ങിയ കാലംകൊണ്ട് മനുഷ്യനെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ഉപകരണമില്ലെന്ന് പുതിയ പഠനങ്ങള്‍. പന്ത്രണ്ട് വര്‍ത്തിനിടെ മൊബൈല്‍ ഫോണിന്റെ ഉപയോഗം ആറിരട്ടിയായി വര്‍ധിച്ചുവെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2012 അവസാനത്തോടെ ഇത് ഏഴ് ബില്യണ്‍ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റോക്കറ്റിന്റെ വേഗതയിലാണ് മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ധിക്കുന്നത്. രണ്ടായിരത്തില്‍ ഒരു ബില്യണ്‍ മൊബൈല്‍ ഫോണുകളാണ് ലോകമെമ്പാടും ഉപയോഗിച്ചിരുന്നത്. 2012 ആയപ്പോഴേക്കും ഇത് ആറ് ബില്യണായി ഉയര്‍ന്നുകഴിഞ്ഞു. ഒരാള്‍ തന്നെ ഒന്നിലധികം ഫോണുകളും രണ്ടിലധികം ഫോണ്‍ നമ്പറുകളും ഉപയോഗിക്കുന്നത് സാധാരണമായിക്കഴിഞ്ഞു. ഫോണ്‍ ഉപയോഗം കുത്തനെ ഉയരാനുളള​പ്രധാനകാരണവും ഇതുതന്നെ.

മൊബൈല്‍​ഇല്ലാത്തവന്‍ പഴഞ്ചന്‍​എന്ന നിലയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. ഇന്ത്യയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഓരോ നൂറ് ഇന്ത്യക്കാരില്‍ എഴുപതുപേരും ഇന്ന് മൊബൈല്‍ ഫോണിന് ഉടമയാണ്. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് മൊബൈല്‍ ഫോണിന് ഉടമകളാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൊബൈല്‍ ഫോണും ഇന്ത്യയും

ഇന്ത്യയിലെ 53% വീടുകളിലും മൊബൈല്‍ ഫോണുണ്ട്. ആകെ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ കണക്ഷനുകളില്‍ 96%ഉം പ്രിപെയ്ഡ് കണക്ഷനുകളാണ്. ഇന്ത്യയുടെ 83% മേഖലകളിലും മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭ്യമാണ്. ഓരോ ഇന്ത്യക്കാരനും ചുരുങ്ങിയത് ദിവസവും 11 മിനിറ്റെങ്കിലും മൊബൈലില്‍ സംസാരിക്കുന്നു. മാസത്തിലാവുമ്പോള്‍ 330 മിനിറ്റാണ് ശരാശരി സംസാരം. മൊബൈല്‍ ഉപയോക്താക്കളില്‍ പകുതിയോളം പേര്‍ മെസേജുകളെ ആശ്രയിക്കുന്നുണ്ട്. മൊബൈലിനെ ആശ്രയിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ഇന്ത്യയില്‍ കുറവാണ്. 3.3 ശതമാനം മാത്രമാണ്  മൊബൈല്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.

2011ല്‍ മാത്രം 30 ബില്യണ്‍ മൊബൈല്‍ ആപ്സുകളാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ഇത് സമ്പദ് വ്യവസ്ഥയെയും ഗുണകരമായി ബാധിക്കുന്നു. ലോകചരിത്രത്തില്‍​തന്നെ ഇത്രവേഗത്തില്‍ പ്രചുരപ്രചാരം നേടിയ മറ്റൊരു സാങ്കേതിക വിദ്യ ചൂണ്ടിക്കാട്ടാനാവില്ല. സിംഗപ്പൂരില്‍ 90%ആളുകളും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു.

സിരി Vs ഗൂഗിള്‍ സെര്‍ച്ച് : മികവ് ഏതിന്‌

|0 comments
ആപ്പിള്‍ 2011 ല്‍ അവതരിപ്പിച്ച ഐഫോണ്‍ 4എസിന്റെ ഏറ്റവും വലിയ സവിശേഷത അതിലെ 'സിരി' (Siri) എന്ന ശബ്ദസഹായി ആയിരുന്നു. അറിയേണ്ട വിവരങ്ങള്‍ ചോദിച്ചാല്‍ വെബ്ബിലും ഫോണിലും തിരഞ്ഞ് നൊടിയിടയില്‍ ഉത്തരം നല്‍കുന്ന സിരി, ഗൂഗിള്‍ സെര്‍ച്ചിന് കടുത്ത വെല്ലുവിളിയായി വിലയിരുത്തപ്പെട്ടു.

അമേരിക്കന്‍ പ്രതിരോധസംവിധാനത്തിന്റെ മൂശയില്‍ വര്‍ഷങ്ങളുടെ ഗവേഷണഫലമായി രൂപപ്പെട്ട ഒരു സങ്കേതത്തിന്റെ ജനകീയമുഖമായിരുന്നു സിരി. 'നിര്‍മിതബുദ്ധി' അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന സിരി, ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിനെ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും പിന്നിലാക്കിയെന്നും വിലയിരുത്തപ്പെട്ടു. 

എന്നാല്‍, ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനായ 'ജല്ലി ബീന്‍' (ആന്‍ഡ്രോയിഡ് 4.1), വോയിസ് സെര്‍ച്ചില്‍ ഗൂഗിളിന്റെ മേധാവിത്യം വീണ്ടെടുക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ജല്ലി ബീന്‍ അവതരിപ്പിക്കപ്പെട്ടത്. 

ചില ടെക് സൈറ്റുകള്‍ ജല്ലി ബീനും സിരിയും താരതമ്യം ചെയ്തപ്പോഴാണ്, സിരിയെക്കാള്‍ മികവ് ഗൂഗിള്‍ സെര്‍ച്ചിനാണെന്ന് കണ്ടത്. ഇതൊരു ഗവേഷണ റിപ്പോര്‍ട്ടോ, ഇക്കാര്യത്തിലെ അവസാന വാക്കോ അല്ലെന്ന മുന്നറിയിപ്പോടെയാണ് സൈറ്റുകള്‍ ഈ വിവരം പുറത്തുവിട്ടത്.



ഒരു താരതമ്യത്തില്‍ ചെയ്തത്, നിശബ്ദമായ അന്തരീക്ഷത്തില്‍ 800 ചോദ്യങ്ങള്‍ ചോദിക്കുകയും, ശബ്ദായമാനമായ അന്തരീക്ഷത്തില്‍ വേറെ 800 ചോദ്യങ്ങള്‍ ചോദിക്കുകയുമാണ്. രണ്ട് സാഹചര്യത്തിലും സിരി എങ്ങനെ പ്രതികരിക്കുന്നുവെന്നും, ജല്ലി ബീന്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നും പരിശോധിച്ചു നോക്കി.

പരിശോധനാഫലം ഇങ്ങനെയായിരുന്നു: ഗൂഗിള്‍ സെര്‍ച്ച് 100 ശതമാനം ചോദ്യങ്ങളും മനസിലാക്കി, 86 ശതമാനം ശരിയുത്തരം നല്‍കി. അതേസമയം, നിശബ്ദമായ അന്തരീക്ഷത്തില്‍ 89 ശതമാനം ചോദ്യങ്ങളും, ശബ്ദായമാനമായ അന്തരീക്ഷത്തില്‍ 83 ശതമാനം ചോദ്യങ്ങളും മാത്രമേ സിരിക്ക് മനസിലാക്കാന്‍ കഴിഞ്ഞുള്ളൂ. നിശബ്ദമായ അന്തരീക്ഷത്തില്‍ ചോദിച്ച കാര്യങ്ങള്‍ക്ക് 68 ശതമാനം ശരിയുത്തരവും, ശബ്ദായമാനമായ അന്തരീക്ഷത്തില്‍ ചോദിച്ചവയ്ക്ക് 63 ശതമാനം ശരിയുത്തരവും മാത്രമേ സിരിക്ക് നല്‍കാനായുള്ളൂ.

എന്നാല്‍, ഗൂഗിള്‍ അടിസ്ഥാനപരമായി ഒരു സെര്‍ച്ച് കമ്പനിയാണെന്ന കാര്യം ഓര്‍ക്കണം, ആപ്പിള്‍ അതല്ല. 

ഈ പഠനം അനുസരിച്ച് സിരി നല്‍കിയ ഉത്തരങ്ങളില്‍ 60 ശതമാനവും ഗൂഗിളില്‍ നിന്നുള്ളതാണ്. യെല്‍പ്പ് (Yelp) എന്ന സര്‍വീസില്‍ നിന്നുള്ളതാണ് സിരി നല്‍കിയ 20 ശതമാനം ഉത്തരങ്ങള്‍. വൂള്‍ഫ്രേംആല്‍ഫ (WolframAlpha)യില്‍ നിന്ന് 14 ശതമാനവും, യാഹൂവില്‍നിന്ന് നാലു ശതമാനവും, വിക്കിപീഡിയയില്‍ നിന്ന് രണ്ടു ശതമാനവും ഉത്തരങ്ങള്‍ സിരി നല്‍കി. 

ടീഷര്‍ട്ടില്‍ നിന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യാവുന്ന കാലം വരുന്നു

|0 comments
അമേരിക്കയില്‍ സൗത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച സങ്കേതം രംഗത്തെത്തിയാല്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ നിങ്ങളിട്ടിരിക്കുന്ന ടീഷര്‍ട്ട് തന്നെ മതിയാകും. സാധാരണ ടീഷര്‍ട്ടുകളില്‍ വൈദ്യുതി സംഭരിച്ച് സൂക്ഷിക്കാനുള്ള വിദ്യയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഫോണുകളും മറ്റ് ഉപകരണങ്ങളും വസ്ത്രങ്ങളില്‍ നിന്ന് ചാര്‍ജ് ചെയ്യാനുള്ള വഴി തുറക്കുന്നതാണ് പുതിയ കണ്ടെത്തല്‍. 

ചുരുട്ടിവെയ്ക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും അധികം വൈകാതെ വിപണിയിലെത്തുമെന്നാണ് ടെക് വിദഗ്ധരുടെ പ്രവചനം. അത്തരം ഉപകരണങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന കണ്ടെത്തലാണ് അമേരിക്കന്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത്. 

സര്‍വകലാശാലയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ പ്രൊഫസറായ ഷിയോഡോങ് ലീ, പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായ ലിഹോങ് ബാവോ എന്നിവര്‍ ചേര്‍ന്നാണ് ടീഷര്‍ട്ടുകളെ വൈദ്യുതസംഭരണിയാക്കുന്ന വിദ്യ കണ്ടെത്തിയത്.
ലോക്കല്‍ ഡിസ്‌ക്കൗണ്ട് സ്‌റ്റോറില്‍ നിന്ന് വാങ്ങിയ ടീഷര്‍ട്ടിനെ ഒരു ഫ് ളൂറൈഡ് ലായനിയില്‍ മുക്കി ഉണക്കിയ ശേഷം, ഓക്‌സിജന്‍ വിമുക്ത പരിസ്ഥിതിയില്‍ ഉന്നത ഊഷ്മാവില്‍ ബേക്ക് ചെയ്യുകയാണ് ഗവേഷകര്‍ ചെയ്തത്. 

ആ പ്രക്രിയ വഴി തുണിയിലെ നാരുകള്‍ സെല്ലുലോസില്‍ നിന്ന് കാര്‍ബണായി പരിവര്‍ത്തനം ചെയ്തുവെന്ന് 'അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്' ജേര്‍ണലിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ആ പ്രക്രിയ മൂലം തുണിയുടെ വഴക്കത്തിന് (flexibility) ഒരു കോട്ടവും സംഭവിച്ചില്ല. 

തുണിനാരുകളെ ഇലക്ട്രോഡുകളായി ഉപയോഗിക്കുക വഴി, തുണിയുടെ ഭാഗങ്ങളെ കപ്പാസിറ്റര്‍ (capacitor) ആക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ തെളിയിച്ചു. വൈദ്യുതിയെ സംഭരിച്ചു വെയ്ക്കാനാണ് കപ്പാസിറ്ററുകള്‍ ഉപയോഗിക്കുന്നത്. ഏതാണ്ടെല്ലാ വൈദ്യുതോപകരണങ്ങളുടെയും അഭിഭാജ്യഘടകമാണ് കപ്പാസിറ്ററുകള്‍. 

ടീഷര്‍ട്ടിന്റെ ഭാഗങ്ങള്‍ ആയിരക്കണക്കിന് പ്രാവശ്യം റീചാര്‍ജ് ചെയ്യാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. ഉയര്‍ന്ന പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ സാധിക്കുന്ന 'സൂപ്പര്‍കപ്പാസിറ്ററുകളാ'യി തുണിയെ മാറ്റാന്‍ കഴിയുന്നു എന്നാണിതിനര്‍ഥം-പ്രൊഫ.ലീ പറഞ്ഞു. 

ആയിരക്കണക്കിന് തവണ റീചാര്‍ജ് ചെയ്തിട്ടും, തുണിയുടെ വൈദ്യുതസംഭരണ ശേഷിക്ക് അഞ്ചു ശതമാനത്തിലേറെ ശോഷണം സംഭവിച്ചില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. 

'മൊബൈല്‍ ഫോണ്‍ പോലെ കൈയില്‍ കൊണ്ടുനടക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഇത്തരം സൂപ്പര്‍ കപ്പാസിറ്ററുകളുപോയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ കഴിയും'-പ്രൊഫ.ലീ പറഞ്ഞു. 

വസ്ത്രം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കോട്ടണ്‍ ടീഷര്‍ട്ടുകള്‍ക്ക് ഭാവിയില്‍ കൂടുതല്‍ ഉപയോഗങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ സെല്‍ഫോണും ഐപാഡുമൊക്കെ ചാര്‍ജ് ചെയ്യാനുള്ള വഴിയായേക്കാം ടീഷര്‍ട്ടുകള്‍, അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് ടൈംലൈന്‍ ഇനി മൊബൈലിലും

|0 comments

ഫേസ്ബുക്കിന്റെ ടൈംലൈന്‍ ഡിസൈന്‍ മൊബൈലിലേക്കും വരുന്നു. ഇന്‍സൈഡ് ഫെയ്‌സ്ബുക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒറ്റക്ലിക്കില്‍ ചിത്രങ്ങളും വീഡിയോകളും അപ്‌ഡേറ്റുകളും കവര്‍ഫോട്ടോയുമെല്ലാം എത്തുന്നതാണ് ടൈം ലൈന്റെ ഏറ്റവും വലിയ പ്രത്യേകത.

ഫേസ്ബുക്ക് ടൈംലൈന്റെ പുതിയ ഡിസൈനാവും മൊബൈല്‍ പതിപ്പുകളില്‍ ലഭ്യമാകുക. കവര്‍ ഫോട്ടോ, about, ഫോട്ടോകളും വീഡിയോസും കാണാനുള്ള ഐക്കണുകള്‍ എന്നിവയാവും ഫേസ്ബുക്ക് പേജുകളുടെ മൊബൈല്‍ ടൈംലൈനില്‍ ലഭ്യമാകുക.
ഫേസ്ബുക്ക് ഡെസ്‌ക്ടോപ്പില്‍ പരീക്ഷണാര്‍ത്ഥം ആരംഭിച്ച ടൈംലൈന് വന്‍ സ്വീകാര്യതയാണ് ഉപയോക്താക്കളില്‍ നിന്നും ലഭിച്ചത്.
ഫേസ്ബുക്ക് പേഴ്‌സണല്‍ പ്രൊഫൈലുകളില്‍ മൊബൈലിലേക്കുള്ള ടൈലൈന്‍ നേരത്തേ ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നെങ്കിലും ഫേസ്ബുക്ക് പേജില്‍ ഇത് നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.

സ്കിന്‍ കാന്‍സര്‍ കണ്ടെത്താന്‍ മൊബൈല്‍ ആപ്ളിക്കേഷന്‍

|0 comments

വാഷിംഗ്ടണ്‍: സ്മാര്‍ട്ഫോണ്‍ ഉപയോഗിച്ച് ത്വക്ക് കാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുന്ന സോഫ്ട്വെയര്‍ വികസിപ്പിച്ചെടുത്തു. യു.എം. സ്കിന്‍ ചെക്ക് (UMSkinCheck) എന്ന് പേരിട്ടിരിക്കുന്ന ആപ്ളിക്കേഷന്‍ അമേരിക്കയിലെ മിഷിഗണ്‍ മെഡിക്കല്‍ സ്കൂള്‍ യൂണിവേഴ്സിറ്റിയാണ് വികസിപ്പിച്ചെടുത്തത്.
തലമുതല്‍ കാല്‍വിരല്‍ വരെ ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളുടെ 23 ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കുന്ന ഈ സങ്കേതം, പതിവായി ചര്‍മം പരിശോധിക്കും. നേരത്തെ നല്‍കിയ ചിത്രങ്ങള്‍ പരിശോധിച്ച് പിന്നീട് തൊലിപ്പുറത്ത് വരുന്ന അസാധാരണമായ മാറ്റങ്ങളെക്കുറിച്ചും വളര്‍ച്ചകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുകയാണ് ഈ സാങ്കേതിക വിദ്യ ചെയ്യുന്നത്.
ഒരു മറുകിന് കൂടുതല്‍ വളര്‍ച്ച ഉണ്ടാകുകയോ അതിന്‍െറ സ്വഭാവം മാറുകയോ ചെയ്താല്‍ അതിന്‍െറ ചിത്രങ്ങള്‍ ത്വക്ക് രോഗ വിദഗ്ധന് കൈമാറ്റം ചെയ്യപ്പെടും. തുടര്‍ന്ന് കൂടുതല്‍ പരിശോധന ആവശ്യമുണ്ടോ എന്ന് വിശകലനം ചെയ്യും. ത്വക്കിനുണ്ടാകുന്ന അര്‍ബുദം തുടക്കത്തിലേ കണ്ടെത്താന്‍ ഈ സോഫ്ട്വെയര്‍ മൂലം സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഓരോ വര്‍ഷവും 20 ലക്ഷത്തിലധികം അമേരിക്കക്കാര്‍ക്ക് ത്വക്ക് കാന്‍സര്‍ പിടിപെടുന്നുണ്ടെന്നാണ് കണക്ക്. ഇതാണ് തങ്ങളെ ഇത്തരമൊരു സോഫ്ട്വെയറിലേക്ക് നയിച്ചതെന്ന് ഗവേഷക ടീം പറയുന്നു. ഐ ഫോണിലും ഐ പാഡിലും മാത്രമെ ഇപ്പോള്‍ ഈ സോഫ്ട്വെയര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

4ജിയുടെ വിശേഷങ്ങള്‍

|0 comments
3ജിക്ക് ശേഷം 4ജിയും ഇന്ത്യയിലേക്ക് വിരുന്ന് വന്നു് കഴിഞ്ഞു. 4ജിയുമായി എയര്‍ടെല്‍ വന്നതോടെ ഇന്ത്യയും വരുംതലമുറ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. എന്താണ് 4ജി? 4ജി വന്നാലുള്ള ഗുണമെന്താണ്? തുടങ്ങി ഒട്ടേറെ സംശയങ്ങള്‍ ഇതിനെ സംബന്ധിച്ചുണ്ടാകാം. 4ജിയെ സംബന്ധിച്ചും എയര്‍ടെല്ലിന്റെ ഡാറ്റാ പ്ലാന്‍ സംബന്ധിച്ചും അറിയേണ്ട കാര്യങ്ങളാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

നാലാം തലമുറ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയാണ് 4ജി. 3ജിയുടെ പിന്‍ഗാമിയായെത്തുന്ന 4ജി മുമ്പത്തേതിനാക്കാളും വളരെ വേഗത്തിലുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ആക്‌സസാണ് നല്‍കുക. 3ജിയിലെ ഇന്റര്‍നെറ്റ് ഡാറ്റാ ആക്‌സസിംഗ് വേഗതയേക്കാള്‍ അഞ്ചിരട്ടിയാണ് 4ജിയില്‍. അതായത് സെക്കന്റില്‍ 21 മെഗാബൈറ്റ് ഡൗണ്‍ലോഡിംഗ് വേഗതയുള്ള 3ജിയേക്കാള്‍ സെക്കന്റില്‍ 100 മെഗാബൈറ്റാണ് 4ജി വാഗ്ദാനം ചെയ്യുന്നത്.

രണ്ട് തരത്തിലുള്ള 4ജി സേവനമാണ് ടെലികോം കമ്പനികള്‍ ലഭ്യമാക്കുന്നത്. വൈമാക്‌സും മറ്റൊന്ന് എല്‍ടിഇ(ലോംഗ് ടേം ഇവലൂഷന്‍)യും. എല്‍ടിഇയുടെ തന്നെ ഒരു വിഭാഗമായ ടിഡിഎല്‍ടിഇ (ടൈം ഡിവിഷന്‍ ലോംഗ് ടേം ഇവലൂഷന്‍) ആണ് 4ജിയ്ക്കായി എയര്‍ടെല്‍ ഉപയോഗിക്കുന്നത്.

എയര്‍ടെല്ലിന്റെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കിണങ്ങുന്ന മൂന്ന് താരിഫ് പ്ലാനുകളാണ് ഉള്ളത്. ബ്രേക്ക്ഫ്രീ, ബ്രേക്ക്ഫ്രീ മാക്‌സ്, ബ്രേക്ക്ഫ്രീ അള്‍ട്രാ.

ഇതില്‍ ബ്രേക്ക്ഫ്രീ പ്ലാനില്‍ പ്രതിമാസം 999 രൂപയ്ക്ക് സെക്കന്റില്‍ 128 കെബി വേഗതയില്‍ 6ജിബി ഉപയോഗിക്കാം.ബ്രേക്ക്ഫ്രീ മാക്‌സ് താരിഫ് പ്ലാനില്‍ പ്രതിമാസ വാടക 1399 രൂപയ്ക്ക് 128 കെബി വേഗതയില്‍ 9 ജിബി ഉപയോഗിക്കാം. മൂന്നാമത്തെ പ്ലാനായ ബ്രേക്ക്ഫ്രീ അള്‍ട്രായില്‍ അതേ വേഗതയില്‍ 1999 രൂപ പ്രതിമാസ വാടകയ്ക്ക് 18 ജിബി സൗജന്യ ഡാറ്റ ഉപയോഗപ്പെടുത്താം.

നിലവില്‍ ഇന്റര്‍നെറ്റ് ഡാറ്റ സര്‍വ്വീസിലാണ് എയര്‍ടെല്‍ 4ജി പരിചയപ്പെടുത്തിയിരിക്കുന്നത്. കമ്പ്യൂട്ടിംഗ് ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ഇതിന്റെ ഉദ്ദേശം. 4ജി എല്‍ടിഇ യുഎസ്ബി മോഡം, 4ജി എല്‍ടിഇ ഇന്‍ഡോര്‍ വയര്‍ലസ് ഗേറ്റ്എവേ ഉപകരണങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ അതിവേഗ ഇന്റര്‍നെറ്റ് ആസ്വദിക്കാനാകും. യുഎസ്ബി ഡാറ്റാ കാര്‍ഡിന് 7,999 രൂപയും ഇന്‍ഡോര്‍ വയര്‍ലസ് ഗേറ്റ്എവേ ഉപകരണത്തിന് 7,750 രൂപയുമാണ്

എയര്‍ടെല്‍ ഈടാക്കുന്നത്.

4ജി ഡാറ്റാ സേവനത്തിനൊപ്പം എയര്‍ടെല്ലില്‍ നിന്ന് ചില വിനോദ മൂല്യവര്‍ധിത സേവനങ്ങളും ലഭിക്കുന്നതാണ്. സിനിമകള്‍, ഗെയിംസ്, ടിവി, ലൈവ് ഡിവോഷന്‍ തുടങ്ങിയ സേവനങ്ങളാണ് അവതരിപ്പിക്കുന്നത്. ഇതിനായി ബിഗ്ഫല്‍ക്‌സ്, ഇന്ത്യഗെയിംസ് എന്നീ കണ്ടന്റ് കമ്പനികളുമായി എയര്‍ടെല്‍ സഹകരിക്കുന്നു.

ഐഡിയ ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി

|0 comments
3ജി സൗകര്യത്തോടു കൂടിയ ഐഡിയയുടെ പുതിയ ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. 5994 രൂപ വില വരുന്ന സ്മാര്‍ട്ട് ഫോണില്‍ ആന്‍ഡ്രോയ്ഡ് 2.3 യാണ് ഓപ്പറേറ്റിങ് സിസ്റ്റം. 

ഐഡിയ സെല്ലുലാര്‍ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലെ മൂന്നാമത്തെ ഉല്‍പന്നമാണ് പുതിയ 3ജി ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍. 2ജിബി മെമ്മറി കാര്‍ഡുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ കവര്‍ മാറ്റിയിടാവുന്നതാണ്. 3.2 എംപി ക്യാമറ, 3.2 ഇഞ്ച് മള്‍ട്ടി ടച്ച് സ്‌ക്രീന്‍, 32ജിബി വരെ മെമ്മറി സപ്പോര്‍ട്ട്, ജിയോ-ടാഗിങ്, ജിപിഎസ് നാവിഗേറ്റര്‍ എന്നീ സൗകര്യങ്ങള്‍ക്കു പുറമേ ഫേസ്ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കൂട്ട്, ഗൂഗിള്‍, യൂട്യൂബ് എന്നിവയും ഫോണില്‍ ലഭിക്കുന്നു. എഫ്എം റേഡിയോ, എംപി3 പ്ലെയര്‍, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. മിനി കമ്പ്യൂട്ടറായും വൈ-ഫൈ റൗട്ടറായും ഈ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനാവും.

പുതിയ സ്മാര്‍ട്ട് ഫോണിനൊപ്പം 259 രൂപയുടെ പായ്ക്കില്‍ 2300 രൂപയുടെ ഡേറ്റ ഡൗണ്‍ലോഡ് സൗജന്യമായി ലഭിക്കും. മൂന്നു മാസത്തേക്കു 2 ജിബി ഡേറ്റ, ഐഡിയ ടിവി, സൗജന്യ ടോക്ക് ടൈം തുടങ്ങിയ ഈ ഓഫര്‍ പോസ്റ്റ് പെയ്ഡ്-പ്രീ പെയ്ഡ് വരിക്കാര്‍ക്ക് ലഭ്യമാണ്. 

ഡ്യുവല്‍ സിം ഫോണുകളുടെ വിപണി വര്‍ദ്ധിച്ചുവരുകയാണെന്നും പുതുമകളടങ്ങിയ ഈ ഫോണ്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കിടയില്‍ എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഐഡിയ സെല്ലുലാര്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ശശി ശങ്കര്‍ പറഞ്ഞു. ഇന്ത്യയിലെ ടെലികോം സ്ഥാപനങ്ങളില്‍ മൂന്നാമതായ ഐഡിയ സെല്ലുലാര്‍ രാജ്യത്തിലുടനീളം 3ജി സേവനങ്ങള്‍ മെച്ചപ്പെടുത്തുവാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നിലവാരമുള്ള 3ജി സേവനം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുവാനും ശ്രമിക്കുകയാണ്. 

വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വീഡിയോകോണിന്റെ ദോസ്ത് വി 1415

|0 comments
ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ വീഡിയോകോണിന്റെ ഏറ്റവും പുതിയ മോഡലായ ദോസ്ത് വി 1415 വിപണിയിലിറങ്ങി. ആധുനിക സവിശേഷതകളുളള ഈ മൊബൈല്‍ ഫോണ്‍ കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചുകൊണ്ടാണ് പുറത്തിറക്കിയിട്ടുളളത്. 



സ്‌ളിം ഡിസൈനില്‍ നിര്‍മ്മിച്ചിട്ടുളള ഈ മൊബൈലില്‍ ഡ്യുവല്‍ സിം, വീഡിയോ റെക്കോര്‍ഡര്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ക്യാമറ, ക്യു വി ജി എ കളര്‍ സ്‌ക്രീന്‍, പ്രകാശമേറിയ ഡ്യുവല്‍ എല്‍ ഇ ഡി ടോര്‍ച്ച്, തിന്‍പിന്‍ ചാര്‍ജ് സ്‌ളോട്ടര്‍, എഫ് എം റേഡിയോ, ബ്‌ളൂടൂത്ത്, ഓഡിയോ പ്‌ളെയര്‍, വീഡിയോ പ്‌ളെയര്‍, 1000 എം എ എച്ച് ബാറ്ററി, 4 ജി ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി, എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്.

കമ്പ്യൂട്ടര്‍ മസ്തിഷ്‌കം സൃഷ്ടിച്ചപ്പോള്‍ അത് ശ്രദ്ധിച്ച്ത് പൂച്ചകളുടെ വീഡിയോകള്‍ മാത്രം; ഗൂഗിള്‍ വിസ്മയത്തുമ്പത്ത്

|0 comments
കമ്പ്യൂട്ടര്‍ സൃഷ്ടാക്കളായ ഗൂഗിള്‍പോലും ഇതുപോലൊരു വിസ്മയം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. 16,000 കമ്പ്യൂട്ടര്‍ പ്രോസസറുകള്‍കൊണ്ട് അവരൊരു കൃത്രിമ മസ്തിഷ്‌കം സൃഷ്ടിച്ചു. അതിനെ ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധിപ്പിച്ചു. അതോടെ അത് കാണാന്‍ തുടങ്ങിയത് യൂട്യൂബിലുള്ള പൂച്ചകളുടെ വീഡിയോകള്‍...

ഗൂഗിളിന്റെ ഡോ. ജെഫ് ഡീനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലച്ചോറിന്റെ രീതിയിലുള്ള ന്യൂറല്‍ നെറ്റ്‌വര്‍ക്ക് തയ്യാറാക്കിയത്. 16,000 പ്രോസസറുകള്‍ ഉപയോഗിച്ചുള്ള നെറ്റ്‌വര്‍ക്കില്‍ ബില്യനിലധികം കണക്ഷനുകളുമുണ്ടായിരുന്നു.

തുടര്‍ന്നാണ് പത്തു മില്യനോളം വരുന്ന യൂ ട്യൂബിലെ വീഡിയോകള്‍ അതിലേക്ക് ഫീഡ് ചെയ്തത്. അതില്‍നിന്ന് സ്വയം അഭ്യസിച്ച് മനസിലാക്കാന്‍ നെറ്റ്‌വര്‍ക്കിനെ സ്വതന്ത്രമായി വിടുകയും ചെയ്തു. യന്ത്രം ഉടന്‍ പൂച്ചകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. മുന്‍കൂട്ടി നിര്‍ദേശങ്ങള്‍ നല്‍കാതെ തന്നെ പൂച്ചയെന്ന ആശയത്തെ അത് അടിസ്ഥാനപരമായി കണ്ടെത്തുകയായിരുന്നു. നേരത്തെ നല്‍കപ്പെട്ടിരുന്ന അന്തര്‍ജ്ഞാനത്തിലൂടെ മാത്രമെ വസ്തുക്കളെ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ എന്ന വിശ്വാസത്തിന് വിരുദ്ധമായി ലേബല്‍ ഇമേജുകളില്ലാതെ ഒരു ഫേസ് ഡിറ്റക്ടറെ പരിശീലിപ്പിക്കാന്‍ കഴിയുമെന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.


അതിനുശേഷം ഇമേജ് നെറ്റിലെ 20,000 വസ്തുക്കളെ തിരിച്ചറിയുന്നതില്‍ 15.8 ശതമാനം കൃത്യത വരുത്താന്‍ അതിന് കഴിയുകയും ചെയ്തു. മുന്‍തലമുറക്കാനുണ്ടായിരുന്ന മികവിനെക്കാളും 70 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഇത് നടത്തിയിരിക്കുന്നത്.

കമ്പനിയുടെ ബ്ലൂ സ്‌കൈ ഐഡിയാസ് ലാബായ ഗൂഗിള്‍ എക്‌സാണ് പുതിയ മസ്തിഷ്‌കം തയ്യാറാക്കിയത്.

കാലിഫോര്‍ണിയയിലെ ഗൂഗിളിന്റെ മൗണ്ടന്‍ വ്യൂവിലുള്ള ഗൂഗിള്‍പ്ലെക്‌സ് എന്ന ആസ്ഥാനത്താണ് ഈ ലാബ് സ്ഥിതിചെയ്യുന്നതെന്ന് പറയപ്പെടുന്നു.

ഗൂഗിളിന്റെ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ ലാബില്‍ ഗവേഷണങ്ങളില്‍ നടത്തിവരുന്നുണ്ട്.

വീണ്ടും സാംസങ് വിജയം

|0 comments
പേറ്റന്‍റ് യുദ്ധത്തില്‍ ഒരു ശ്രദ്ധേയമായ വിധികൂടി. ഇത്തവണ സാംസങ് വിജയം നേടിയപ്പോള്‍ പരാജയം ലഭിച്ചത് ആപ്പിളിന്. സാംസങ് ഗാലക്സി ടാബ് ഐപാഡിന്‍റെ ഡിസൈന്‍ കോപ്പിയടിച്ചതാണ് എന്ന് ആപ്പിളിന്‍റെ വാദമാണ് കോടതി തള്ളിയത്. ഈ രണ്ട് പ്രോഡക്ടുകള്‍ തമ്മില്‍ സാമ്യമില്ലെന്നും ലണ്ടന്‍ ഹൈക്കോടതി വിധിന്യായത്തില്‍ പറയുന്നു. ഇതോടെ ഇംഗ്ലണ്ടിലെ കേസില്‍ മാത്രമാണ് സാംസങിന് വിജയം നേടുവാന്‍ സാധിച്ചിരിക്കുന്ന. വിവിധ രാജ്യങ്ങളില്‍ കേസ് തുടരുകയാണ്.
മുന്‍ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ സാംസങ് ഗ്യാലക്‌സിയും ആപ്പിളും ഒരേ കമ്പിനിയുടെതാണ് എന്ന് തോന്നാം. പക്ഷെ സാംസങ് ഉല്പന്നങ്ങള്‍ക്ക് ആപ്പിളിന്‍റെ അത്ര തിക്ക്നസ്സ് ഇല്ല എന്ന് കോടതി വിധി ന്യായത്തില്‍ പറയുന്നു. ആപ്പിള്‍ ഡിസൈനുകളുടെ അത്ര ലാളിത്യം ഇല്ലാത്ത ഡിസൈനാണ് സാംസങ്ങിന്‍റെത് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു.
സാംസങ് ഗ്യാലക്‌സി നെക്‌സസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞദിവസം യു.എസ് അപ്പീല്‍ കോടതി പിന്‍വലിച്ചതിന് പിന്നാലെയാണ് ഈ വിധിയും വന്നിരിക്കുന്നത് എന്നത് സാംസങ്ങിന് ഇരട്ടി വിജയമാണ് സമ്മാനിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഹൈക്കോടതി വിധിയെ സാംസങ് സ്വാഗതം ചെയ്തു. എന്നാല്‍ മറ്റ് രാജ്യങ്ങളിലും നിയമയുദ്ധം തുടരുമെന്ന് സാംസങ് അറിയിച്ചു. വിധിയെക്കുറിച്ച് പഠിച്ച് വരികയാണ് എന്നായിരുന്നു ആപ്പിളിന്‍റെ പ്രതികരണം

ആക്സിസ് - യുഎഇ എക്സ്ചേഞ്ച് മൊബൈല്‍ ഇന്‍സ്റ്റന്‍റ് മണി ട്രാന്‍സ്ഫര്‍

|0 comments

ആക്സിസ് ബാങ്കും യുഎഇ എക്സ്ചേഞ്ചും സംയുക്തമായി ഇന്‍സ്റ്റന്‍റ് മണി ട്രാന്‍സ്ഫര്‍ അവതരിപ്പിച്ചു. ആഗോള മണി ട്രാന്‍സ്ഫര്‍ കമ്പനി എക്സ്പ്രസ് മണിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിദേശ ഇന്ത്യക്കാരുടെ പണമിടപാടുകള്‍ ലളിതമാക്കും. 

125 രാജ്യങ്ങളിലുള്ള എക്സ്പ്രസ് മണിയുടെ 1,35,000 ഏജന്‍റുമാര്‍ മുഖേന വിദേശ ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ബന്ധുക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് അതിവേഗം പണമയ്ക്കാം. ഒരു വര്‍ഷം 30 തവണവരെ പണം കൈപ്പറ്റാനുള്ള സൗകര്യമുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ അധിഷ്ഠിത വിദേശ പണമിടപാട് സംവിധാനമാണ് ഇത്. മൊബൈല്‍ വഴി അയയ്ക്കുന്ന പണം ഉടന്‍ തന്നെ ലഭിക്കുമെന്നുമാത്രമല്ല സമയം ലാഭിക്കുകയും ചെയ്യാം. 24 മണിക്കൂറും സേവനം ലഭ്യമാണ്. ആക്സിസ് ബാങ്കിന്‍റെ എടിഎം കളില്‍ നിന്നു പണം പിന്‍വലിക്കാന്‍ കഴിയും. കോഡ് ഉപയോഗിച്ചാണ് പണം പിന്‍വലിക്കുക. ഇതിന് ഉപയോക്താവ് ആക്സിസ് ബാങ്കിന്‍റെ ഇന്ത്യയിലെ ഏതെങ്കിലും ബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

ചൈന മൊബൈല്‍ പൊട്ടിത്തെറിച്ച് കണ്ണു പോയി

|0 comments

നാഗ്പൂര്‍:., ചൈനാ നിര്‍മ്മിതമായ മൊബൈല്‍ പൊട്ടിത്തെറിച്ച് 12 വയസ്സുളള വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു! മഹാരാഷ്ട്രയിലെ യാവത്മാല്‍ ജില്ലയിലെ സിയോനി ഗ്രാമത്തിലാണ് സംഭവം നടന്നത്.
ചാര്‍ജ് ചെയ്യാനിട്ടിരുന്ന പിതാവിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മയൂര്‍ എന്ന ആറാം ക്ലാസുകാരന് അപകടം പറ്റിയത്. മൊബൈല്‍ പൊട്ടിത്തെറിച്ച് മയൂരിന്റെ കണ്ണിനും ചുണ്ടിനും കൈകള്‍ക്കും പൊളളലേറ്റു. ആഴത്തില്‍ മുറിവേറ്റ
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും വലത് റെറ്റിനയ്ക്ക് ഗുരുതരമായി പൊളളലേറ്റതിനാല്‍ കാഴ്ചശക്തി നഷ്ടമാവുകയായിരുന്നു. അണുബാധ തലച്ചോറിലേക്ക് വ്യാപിയ്ക്കുന്നത് തടയാന്‍ കഴിഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കുട്ടിയുടെ ഇടതുകണ്ണിനും പരിക്കേറ്റിട്ടുണ്ട്.
ഇത്തരത്തില്‍ രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ടു ചെയ്യുന്നതെന്ന് ആശുപത്രിയധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും മൊബൈല്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു
രണ്ടിലും വില കുറഞ്ഞാ ചൈനാ നിര്‍മ്മിത മൊബൈലുകളാണ് വില്ലനായത്. ബാറ്ററി പരിധിയിലും കൂടുതല്‍ ചാര്‍ജായതാണ് അപകടകാരണമെന്ന് കരുതുന്നു.

സൂക്ഷിക്കുക, മിസ്‌ഡ് കോളില്‍ അപകടം പതിയിരിക്കുന്നു

|0 comments
നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ഒരു മിസ്‌ഡ് കോള്‍ വന്നാല്‍ തിരിച്ചുവിളിച്ച് ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ ഇനി മിസ്‌ഡ് കോള്‍ നമ്പറിലേക്ക് തിരിച്ചുവിളിക്കാന്‍ ഒരുങ്ങുമ്പോള്‍ സൂക്ഷിക്കുക. +92, #90, #09 എന്ന നമ്പരുകളില്‍ നിന്നാണു മിസ്‌ഡ് കോള്‍ എങ്കില്‍ തിരിച്ചുവിളിക്കരുത്‌. കാ‍രണം ഈ നമ്പറുകളില്‍ വലിയൊരു അപകടം പതിയിരിക്കുന്നുണ്ട്. 

ഈ നമ്പരുകളിലേക്ക് വിളിച്ചാല്‍ നിങ്ങളുടെ സിം കാര്‍ഡ്‌ ക്ലോണ്‍ ചെയ്യപ്പെട്ടേക്കാം. ടെലികോം മേഖലയ്ക്ക് പുതിയ വിപത്തായി മാറിയ ക്ലോണ്‍ ആക്രമണത്തിന് ഇതുവരെ ഒരു ലക്ഷത്തോളം ഉപയോക്‌താക്കള്‍ ഇരയായിട്ടുണ്ട് എന്നാണ് വിവരം. ഒരു റാക്കറ്റ് തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. 

നിങ്ങളുടെ സിംകാര്‍ഡിലും ഡാറ്റാ കാര്‍ഡിലും സൂക്ഷിച്ചിരിക്കുന്ന സകല വിവരങ്ങളും കൈക്കലാക്കാന്‍ റാക്കറ്റിന് സാധിക്കും. ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള ടെലികോം ഓപ്പറേറ്റര്‍മാര്‍ ഇതേക്കുറിച്ച് ഉപയോക്‌താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.